ചമ്പക്കുളം: രണ്ടാം കൃഷിയുടെ വിളവെടുപ്പ് തുടങ്ങിയ കുട്ടനാട്ടിൽ മഴ ദുരിതം വിതയ്ക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി തോരാതെ പെയ്യുന്ന മഴയാണ് കുട്ടനാട്ടിലെ രണ്ടാം കൃഷി ചെയ്ത പാടങ്ങളിൽ ദുരിതം വിതയ്ക്കുന്നത്. കൊയ്ത്തിനു പാകമായ പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊയ്ത്ത് യന്ത്രങ്ങൾ താഴുന്നതിനു കാരണമാകുന്നു.
പാടത്ത് വെള്ളം കിടക്കുന്നതുമൂലം സാധാരണയിലും കൂടുതൽ സമയം എടുത്താണ് യന്ത്രങ്ങൾ നെല്ല് കൊയ്തെടുക്കുന്നത്. ഒരു ഏക്കറിന് കൊയ്ത്ത് ചെലവ് രണ്ടായിരം മുതൽ മൂവായിരം വരെ മുൻ വർഷത്തേക്കാൾ കൂടുതലാകുന്നു എന്നാണ് കർഷകരുടെ പരാതി. സാധാരണയായി കൊയ്തെടുക്കുന്ന നെല്ല് പാടശേഖരത്തിലെ ചിറയിറമ്പിലോ റോഡിനോട് ചേർന്നോ നിലത്തിൽ തന്നെ സൂക്ഷിക്കുകയാണ് പതിവ്.
എന്നാൽ, മഴവെള്ളം പാടത്ത് കെട്ടിനിൽക്കുന്നതിനാൽ തൊഴിലാളികളെ നിർത്തി ഉയർന്ന സ്ഥലങ്ങളിലേക്ക് നെല്ല് മാറ്റിയിടാൻ കർഷകർ നിർബന്ധിതരാകുന്നു. ഇതും കർഷകരുടെ പോക്കറ്റ് കാലിയാക്കുന്നു. തീവ്രമഴയിൽ നനഞ്ഞ നെല്ല് ഉണക്കി ഈർപ്പം കുറയ്ക്കാൻ ആവാത്ത അവസ്ഥയിലാണ് കർഷകർ. ഈർപ്പം കൂടുന്നതനുസരിച്ച് സംഭരണത്തിന് എത്തുന്നവർ കിഴിവ് കൂട്ടും.
അങ്ങനെ കർഷകന്റെ വരുമാനം വീണ്ടും കുറയും. ഏക്കർ ഒന്നിന് 40,000 രൂപയിലധികം ചെലവാക്കിയവരാണ് കുട്ടനാട്ടിലെ മിക്ക കർഷകരും. ഇപ്പോൾ തുടർച്ചയായി പെയ്യുന്ന മഴ കർഷകരുടെ വരുമാനത്തെ വലിയ തോതിൽ കുറച്ച് ചെലവ് ഗണ്യമായി വർധിപ്പിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
നെല്ല് സംഭരണത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്തതും കർഷകർക്ക് തീരാദുഃഖമായി മാറിയിരിക്കുന്നു. നഷ്ടം സഹിച്ച് കൊയ്തെടുക്കുന്ന നെല്ല് ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാനായി കർഷകർ പെടാപ്പാട് പെടുകയാണ്. തുടർച്ചയായി പെയ്യുന്ന മഴയിൽ നെല്ല് കിളിർക്കാനുള്ള സാധ്യത കൂടുതലാണ്.
നെല്ല് കിളിർത്താൽ സംഭരിക്കാനെത്തുന്ന മില്ലുകാർ നെല്ലെടുക്കില്ല. അതിനാൽ എത്ര മഴ പെയ്താലും നെല്ല് കിളിർക്കാതെ സൂക്ഷിക്കാനായുള്ള തത്രപ്പാടിലാണ് കർഷകർ. പ്രകൃതി കനിയാത്ത കർഷകരോട് സർക്കാരും ഉത്തരവാദിത്വപ്പെട്ട വകുപ്പുകളും മുഖം തിരിച്ച് നിൽക്കുമ്പോൾ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.